Friday 24 February 2012

സ്കൂള്‍ ചരിത്രം ഒരു എത്തിനോട്ടം

                  കൊടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല പഞ്ചായത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്തായി കിടക്കുന്ന ആനാപ്പുഴ ദേശത്ത് ശ്രി: കുരുംബ  ഭഗവതി ക്ഷേത്രത്തിന്‍റെ പറമ്പിനോട് ചേര്‍ന്ന് വടക്ക് ഭാഗത്തായി 48 സെന്‍റ് സ്ഥലത്തിനുള്ളിലാണ്‌  ആനാപ്പുഴ ഗവര്‍ണ്മെന്‍റ് യു. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
                                               ഇത് കല്യാണ ദായിനി സഭ വക സ്ഥലമാണെന്നും സഭ പണിതു കൊടുത്ത കെട്ടിടമാണ് ഈ സര്‍ക്കാര്‍ സ്കൂള്‍ എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഇവിടെ  E ആകൃതിയിലുള്ള ഓടിട്ട ഒരു കെട്ടിടവും കഞ്ഞിപ്പുരയും ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുര കക്കൂസ് എന്നിവയുണ്ട്. സ്കൂള്‍ കെട്ടിടത്തിന്‍റെ പടിഞ്ഞാറു ഭാഗത്തിന്‍റെ   തെക്കേ മൂലയിലാണ് ഓഫീസ് റൂം. പഴയ കാലത്തെ അറിപ്പത്തായാതിലാണ് ഇപ്പോഴും ഉച്ച കഞ്ഞിക്കുള്ള അരിയും പയറും സൂക്ഷിക്കുന്നത്.

                                              വിദ്യാലയ പരിസരത്തുള്ള ജനങ്ങള്‍ പൊതുവേ ഇടത്തരക്കാരും ഉത്ബുദ്ധരും കലാ സാംസ്കാരിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവരുമാണ്.  ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും അടുത്തടുത്ത വീടുകളിലായി താമസിച്ച് അയല്‍പക്ക സഹൃദം പുലര്‍ത്തിപ്പോന്നിരുന്നു. ഈ പ്രദേശത്തെ അധികം വീട്ടുകാരും "വാല" സമുദായത്തില്‍ പെട്ടവരാണ്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവരയിരുന്നു അധികവും. ഇവരില്‍ ചിലര്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാക്കന്മാരുടെ വഞ്ചിക്കാരയിരുന്നു. തീണ്ടലും തൊടീലും നിലനിന്നിരുന്ന ആ കാലഘട്ടത്തിലും അധ:കൃത വര്‍ഗക്കാരായ ഇവര്‍ക്ക് കോവിലകവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഭരണി നാളിലും താലപ്പൊലിക്കും   തമ്പുരാക്കന്മാരെ കോവിലകത്തുനിന്നും കാവിലേക്ക് കുരവയിട്ട് ആനയിച്ച് കൊണ്ട് പോകുന്നത് ഇവരായിരുന്നത്രേ. അതിനു പകരമായി തമ്പുരാന്‍ ഇവര്‍ക്ക് പട്ട് നല്‍കുമായിരുന്നു. "അരവര്‍, വീട്ടുകാര്‍"  എന്നീ രണ്ട് കുടുംബക്കാരായിരുന്നു ഇതിനര്‍ഹര്‍. അങ്ങനെ ആനാപ്പുഴ ദേശത്തെ വാലന്മാരുടെ കാര്യക്കാരായി മാറി ഈ രണ്ട് വീട്ടുകാരും.

                                                   കോവിലകത്തെ കുട്ടികള്‍ക്ക് കിട്ടുന്നത് പോലെയുള്ള വിദ്യാഭ്യാസമല്ലെങ്കിലും തങ്ങളുടെ മക്കള്‍ക്കും അക്ഷര ജ്ഞാനം ലഭിക്കണമെന്ന് ഈ വീട്ടുകാര്‍ തീരുമാനിച്ചതിന്‍റെ ഭലമായി ഇന്നത്തെ ആനാപ്പുഴ അംഗനവാടിയുടെ വടക്ക് ഭാഗത്തായി ഒരു കുടി പള്ളിക്കൂടം ആരംഭിച്ചു. അവിടെ നിലത്തെഴുത്ത് മുതല്‍ രണ്ടാം തരം വരെ പഠിപ്പിച്ചിരുന്നു. അവര്‍ക്ക് ശമ്പളം നല്‍കിയിരുന്നത് ഈ വീട്ടുകാരായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ആനാപ്പുഴ ദേശത്തെ വാലന്മാരുടെ ഒരു സഭ രൂപീകരിച്ചു. ഈ സഭയാണ് കുടിപ്പള്ളിക്കൂടത്തിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. കുടിപ്പള്ളിക്കൂടം നിലനിന്നിരുന്ന സ്ഥലത്തെ ഇപ്പോഴും സ്കൂള്‍ പറമ്പ് എന്നാണ് പറയുന്നത്.
                                                   കുട്ടികളുടെ എണ്ണം കൂടി വരികയും സ്ഥലസൗകര്യം പോരാതെ വരികയും ചെയ്തതിനാല്‍ ഇപ്പോള്‍ സ്കൂള്‍ നില്‍ക്കുന്ന ഇടത്ത് ഒരു സ്കൂള്‍ പണിയുന്നതിന് വേണ്ട സഹായം ചെയ്തു തരണമെന്ന് കോവിലകത്തെ തമ്പുരാക്കന്മാര്‍ വഴി ദിവാന്‍റെ മുന്നിലൊരു നിവേദനം സമര്‍പ്പിച്ചു. അന്ന് കൊടുങ്ങല്ലൂരിനു ഒരു പ്രത്യേക വിഹിതം കൊച്ചി രാജാവ് അനുവദിച്ചിരുന്നു. അങ്ങനെ സ്കൂള്‍ പണിയാനുള്ള മരം മുഴുവനും ഈ ഇനത്തില്‍ ലഭിച്ചു. പക്ഷേ അധ്യാപകരെ നിയമിക്കാനോ അവര്‍ക്ക് ശമ്പളം നല്‍കാനോ സഭയ്ക്ക് നേതൃത്വം നല്‍കിയ പ്രമാണിമാര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ അവര്‍ സര്‍ക്കാരുമായി ഒരു കരാറിലേര്‍പ്പെട്ടു. കാലാകാലങ്ങളില്‍ സ്കൂളിന്‍റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി സ്ചൂലിനു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തുകൊള്ളാമെന്നും സര്‍ക്കാര്‍ ചെലവില്‍ അധ്യാപകരെ നിയമിക്കണമെന്നുമായിരുന്നത്രേ കരാര്‍. അങ്ങനെയാണ് 1908-ല്‍  ആനാപ്പുഴയില്‍ ഒരു സര്‍ക്കാര്‍ എല്‍. പി. സ്കൂള്‍ നിലവില്‍ വന്നത്. സ്കൂളിന്‍റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനവും സമൂഹത്തിന്‍റെ ഉയര്‍ച്ചയും മാത്രം ലക്ഷ്യമാക്കിയാണ് സഭയുടെ ആദ്യകാല നേതാക്കന്മാര്‍ ഈ കരാര്‍ ഉണ്ടാക്കിയത്. അതിന് ശേഷമാണ് 1913-ല്‍  കല്യാണ ദായിനി സഭ രജിസ്റ്റര്‍ ചെയ്തത്.
                                                ഈ സ്കൂളില്‍ 1 മുതല്‍ 4 1/ക്ലാസ് വരെയായിരുന്നു പഠനം. 41/ക്ലാസ്സില്‍  മാത്രം ഇംഗ്ലീഷ് പഠിപ്പിച്ച് തുടങ്ങും. ഇവിടെ ശൃംഗപുരം, മേത്തല, കോട്ട, തുരുത്തിപ്പുറം, കൃഷ്ണന്‍ കോട്ട, എന്നീ സ്ഥലങ്ങളില്‍ നിന്നും കുടികള്‍ വന്നു പടിച്ചുപോയിരുന്ന്‍. ആണ്‍കുട്ടികളെപ്പോലെ പെണ്‍ക്കുട്ടികളേയും ഇവിടെ ചേര്‍ത്ത് പഠിപ്പിച്ചിരുന്നു.
                                                 1965-ല്‍ ഈ സ്കൂള്‍ യു. പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. സ്കൂളിന്‍റെ സൗകര്യാര്‍ത്ഥം വേണ്ടതൊക്കെ സഭ ചെയ്തു കൊടുത്തു. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ സ്കൂളിന്റെ പിന്നില്‍ കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും ഓരോ കെട്ടിടവും കൂടി പണിതു. കുടിവെള്ളത്തിനായി ഒരു കിണര്‍ നിര്‍മിച്ചു. പാട്ട് ടീച്ചര്‍ക്ക്‌ പ്രത്യേകം ക്ലാസ് മുറി പണിതു കൊടുത്തു അതാണ് ഇന്നത്തെ കഞ്ഞിപ്പുര.